എൻ്റെ അച്ഛൻ, എൻ്റെ രാജാവ്

ഡി. ഉണ്ണികൃഷ്ണൻ്റെ ജീവിതവും പൈതൃകവും

ഗിരിജ വല്ലഭ രാജ കുമാർ  (ഗിരി)

വിവർത്തനവും മലയാളാവിഷ്കാരവും: കണ്ണൻ ബോസ്  സി.ബി

ഓർമ്മകളുടെ മുഖചിത്രം

സമർപ്പണം

ജീവിതം എന്ന മഹത്തായ വിദ്യാലയത്തിൽ സ്നേഹത്തിൻ്റെ അർത്ഥവും, അച്ചടക്കത്തിൻ്റെ മൂല്യവും, സമൂഹത്തോടുള്ള കടപ്പാടും, പ്രതിബദ്ധതയുടെ ശക്തിയും എനിക്കു പഠിപ്പിച്ചു തന്ന എൻ്റെ അച്ഛന്.

അദ്ദേഹം ജീവിച്ചു തീർത്ത ജീവിതം ഒരു കുടുംബത്തിൻ്റെ മാത്രം സ്മരണയായി  ഒതുങ്ങുന്ന ഒന്നല്ല,  ഒരു നാടിൻ്റെ മനസ്സിലും ഒരു തലമുറയുടെ സ്വപ്നങ്ങളിലും ഒരിക്കലും ഒളിമങ്ങാതെ നിൽക്കുന്ന  പ്രകാശം കൂടിയാണ് ആ ജീവിതം..

ആമുഖം

ചിലർ ഒരു കുടുംബത്തിൻ്റെ നെടുംതൂണായി ജീവിക്കുന്നു. ചിലർ ഒരു സമൂഹത്തിൻ്റെയും. വളരെ അപൂർവമായി ചിലർ ഈ രണ്ടിൻ്റെയും അതിരുകൾ കടന്ന് ഒരു തലമുറയെ തന്നെ സ്വാധീനിക്കുന്നവരായി തീരുന്നു. 

എൻ്റെ അച്ഛൻ ഡി. ഉണ്ണികൃഷ്ണൻ അത്തരമൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തെ ഒറ്റ വാക്കിൽ നിർവചിക്കുക അസാധ്യമാണ്. 

അദ്ദേഹം ഒരു കായികതാരമായിരുന്നു, പരിശീലകനായിരുന്നു, റഫറിയായിരുന്നു, സർക്കാർ ഉദ്യോഗസ്ഥനായിരുന്നു, പൊതുപ്രവർത്തകനായിരുന്നു. സാമൂഹിക പരിഷ്കർത്താവായിരുന്നു, ആത്മീയാന്വേഷകനായിരുന്നു,  എന്നാൽ ഈ വിശേഷണങ്ങളൊന്നും തന്നെ അദ്ദേഹത്തെ പൂർണ്ണമായി നിർവചിക്കുന്നില്ല.

ഒരു സ്വപ്നത്തിനായി ജീവിതം സമർപ്പിക്കാനും, ഒരു ലക്ഷ്യത്തിനായി പതിറ്റാണ്ടുകളോളം പോരാടാനും, പ്രതിഫലം പ്രതീക്ഷിക്കാതെ സമൂഹത്തിനുവേണ്ടി അധ്വാനിക്കാനും കഴിഞ്ഞ അപൂർവ മനുഷ്യനായിരുന്നു അദ്ദേഹം.

2024 ജൂലൈ 25-ന് അദ്ദേഹം ഞങ്ങളെ വിട്ടുപോയെങ്കിലും, അദ്ദേഹം ജീവിത്തിൽ ഉയർത്തിപിടിച്ച മൂല്യങ്ങൾ ഇന്നും അനേകം മനുഷ്യരുടെ ജീവിതങ്ങളിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. 

ഈ ഓർമ്മക്കുറിപ്പുകൾ ഒരു ജീവചരിത്രമല്ല. ഇത് എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന അച്ഛൻ്റെ സ്മരണകളുടെ പുസ്തകമാണ്. ഒരു അച്ഛനെക്കുറിച്ചുള്ള പുസ്തകം മാത്രമല്ല  ഒരു കാലഘട്ടത്തെക്കൂടി ക്കുറിക്കുന്നതാണ് ഇത്.

അധ്യായം 1

ബാല്യവും കായികരംഗത്തിൻ്റെ വിളിയും

അച്ഛൻ (മുകളിലെ നിരയിൽ നടുവിൽ ) അച്ചാച്ചനോടും, അച്ഛമ്മയോടും, മറ്റു ഒൻപതു സഹോദരങ്ങളോടുമൊപ്പം ഒരു പഴയ ചിത്രം.

1932 സെപ്റ്റംബർ 13-ന് ആറ്റിങ്ങലിലെ കണ്ണാട്ട് വീട്ടിൽ അഡ്വക്കേറ്റ് ദാമോദരൻ്റെയും രത്നവല്ലിയുടെയും മകനായി ഡി. ഉണ്ണികൃഷ്ണൻ ജനിച്ചു. ഭാവിയിൽ ഒരു നാടിൻ്റെ കായിക സംസ്കാരത്തിൻ്റെ ഗതി തന്നെ മാറ്റുന്ന തരത്തിൽ അദ്ദേഹം സ്ഥാപിക്കാൻ പോകുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചോ,  നൂറുകണക്കിന് പേരുടെ ജീവിതങ്ങളിൽ ചെലുത്തുവാൻ പോകുന്ന സ്വാധീനത്തെക്കുറിച്ചോ അന്ന് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാകുമായിരുന്നില്ല.

നന്നേ ചെറുപ്പം മുതൽ തന്നെ കായികരംഗത്തോടുള്ള അദ്ദേഹത്തിൻ്റെ ആകർഷണം അസാധാരണമായിരുന്നു. തിരുനെൽവേലിയിലെ സെന്റ് സേവ്യേഴ്സ് കോളേജും തുടർന്ന് കൊല്ലത്തെ എസ്. എൻ. കോളേജും അദ്ദേഹത്തിൻ്റെ കായിക  ജീവിതത്തിൻ്റെ ഗതിയും ഉയർച്ചയും നിർണ്ണയിച്ച സ്ഥാപനങ്ങളായി മാറി.

ട്രാക്കിലും, മൈതാനങ്ങളിലും ആണ് അദ്ദേഹം തൻ്റെ ഭാവി കണ്ടെത്തിയത്. ഫുട്ബോൾ, ഹോക്കി, അത്ലറ്റിക്സ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ ഒരുപോലെ താൽപര്യം പ്രകടിപ്പിച്ച അദ്ദേഹം വ്യായാമത്തെയും, കായിക മത്സരങ്ങളെയും , ശാരീരികവും മാനസികവുമായി ആരോഗ്യവാനായ മനുഷ്യനെ രൂപപ്പെടുത്താനുള്ള ഏറ്റവും നല്ല ഒരു ഉപാധിയായി കണ്ടു.

പിന്നീട് ജീവിതകാലം മുഴുവൻ അദ്ദേഹത്തെ നയിച്ച ചിന്തയുടെ വിത്തുകൾ അവിടെ നിന്നായിരുന്നു മുളച്ചത്. കായികരംഗം ശരീരത്തെ മാത്രമല്ല, മനസ്സിനെയും സ്വഭാവത്തെയും സമൂഹ്യബോധത്തെയും പരിശീലിപ്പിക്കുന്ന ഒരു വിദ്യാലയമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

1950 കളിൽ അച്ഛൻ തൻ്റെ ടീമിനൊപ്പം

അധ്യായം 2

ഇരുപതാം വയസ്സിൽ ആരംഭിച്ച പ്രസ്ഥാനം

കായികജീവിതത്തിൻ്റെ തുടക്കകാലം ഓർമ്മിപ്പിക്കുന്ന ചിത്രം

1952 സെപ്റ്റംബർ 13, അച്ഛൻ്റെ 20 ആം ജന്മദിനം, മിക്ക യുവാക്കളും സ്വന്തം ഭാവിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന പ്രായം. എന്നാൽ തൻ്റെ ഇരുപതാം ജന്മദിനത്തിൽ അച്ഛൻ ആരംഭിച്ചത് ഒരു കായിക സംഘടനയായിരുന്നു   ‘ആറ്റിങ്ങൽ അമച്വർ അത്ലറ്റിക് അസോസിയേഷൻ ‘ .

ആ ദിവസം അദ്ദേഹം തുടക്കമിട്ടത് ഒരു ക്ലബ്ബിന് മാത്രമായിരുന്നില്ല. ഒരു നാടിൻ്റെ കായിക സംസ്കാരത്തിനും കൂടി ആയിരുന്നു .  കായികരംഗം ഒരു ഗ്രാമത്തിൻ്റെയോ പട്ടണത്തിൻ്റെയോ സാമൂഹിക പുരോഗതിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ഇന്ന് സ്വാഭാവികമായി തോന്നുന്ന പല കായികപ്രവർത്തനങ്ങളും അക്കാലത്ത് വളരെ അപൂർവമായിരുന്നു. സ്റ്റേഡിയങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, സ്പോൺസർമാരുമില്ല. ഉണ്ടായിരുന്നത് ഒരു മനുഷ്യനും, അദേഹത്തിൻ്റെ ദൃഢനിശ്ചയവും മാത്രം. അതായിരുന്നു പിന്നീട് ആറ്റിങ്ങലിൻ്റെ കായികചരിത്രം മാറ്റിമറിച്ചത്.

ഖോ-ഖോ, സർക്കിൾ കബഡി, കോർഫ് ബോൾ, ഹാൻഡ്ബോൾ, വോളിബോൾ, നീന്തൽ, ഗുസ്തി, ആം റെസ്ലിംഗ് തുടങ്ങി അനവധി കായിക ഇനങ്ങൾ ആറ്റിങ്ങലിന് പരിചയപ്പെടുത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിൻ്റെയും കൂടെ പ്രവർത്തിച്ച സഹപ്രവർത്തകരുടെയും പരിശ്രമങ്ങളിലൂടെയായിരുന്നു.

അച്ഛൻ അദേഹത്തിൻ്റെ 81-ആം വയസ്സിൽ ടേബിൾ ടെന്നീസ് കളിക്കുന്നു. 

അധ്യായം 3

‘ശ്രീപാദം സ്റ്റേഡിയം’   ഒരു മനുഷ്യായുസ്സിൻ്റെ സ്വപ്നം 

ഞാൻ അച്ഛനോടൊപ്പം,  ശ്രീപാദം സ്റ്റേഡിയത്തിൽ ഒരു കായിക മത്സരം നടന്ന സമയത്ത് എടുത്ത ചിത്രം.

ചില കെട്ടിടങ്ങൾ കോൺക്രീറ്റുകൊണ്ട് നിർമ്മിക്കപ്പെടുന്നു. ചിലത് സ്നേഹത്താലും ത്യാഗത്താലും. ശ്രീപാദം സ്റ്റേഡിയം രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നു.

അച്ഛൻ്റെ എക്കാലത്തെയും വലിയ ഒരു സ്വപ്നമായിരുന്നു ആറ്റിങ്ങലിന് ഒരു മികച്ച സ്റ്റേഡിയം ഉണ്ടായിരിക്കണം എന്നത്.  വളർന്നു വരുന്ന കുട്ടികൾക്കും, യുവാക്കൾക്കും ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറാനാകുന്ന ഒരു കേന്ദ്രമായി മാറണം അത് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹവും ആശയവും.

സ്റ്റേഡിയത്തിനായി ഭൂമി ലഭിച്ചതിനുശേഷം ആയിരുന്നു യഥാർത്ഥ വെല്ലുവിളികൾ ആരംഭിച്ചത് കശുമാവുകൾ നിറഞ്ഞ പരുക്കൻ കുന്നുകളും, കാടുപിടിച്ച പരിസരങ്ങളും  ഒരു കായികമേഖലയായി രൂപാന്തരപ്പെടുത്താൻ അനവധി മനുഷ്യവർഷങ്ങളുടെ നിരന്തര അധ്വാനം ആവശ്യമാകുകയുണ്ടായി. അതിൽ ഒരു വലിയ പങ്ക് അച്ഛന്റേതായിരുന്നു.

മഴക്കാലമായാൽ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടി നടക്കുന്ന അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്, മൈതാനത്തിലെ കല്ലുകൾ പെറുക്കി മാറ്റുന്ന അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്, ഓട്ടത്തിനും ചാട്ടത്തിനും എറിയുന്നതിനുമായി ട്രാക്കുകളും പാതകളും കയറും കുമ്മായപ്പൊടിയും ഉപയോഗിച്ച് സ്വയം അടയാളപ്പെടുത്തുന്ന അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്.

ആ മണ്ണിനെ അദ്ദേഹം പരിപാലിച്ചിരുന്നത് ഒരു തുണ്ട് ഭൂമി പോലെ ആയിരുന്നില്ല സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു.  ശ്രീപാദം സ്റ്റേഡിയം അച്ഛന് ഒരു നിർമ്മാണപ്രവർത്തനമല്ലായിരുന്നു. അത് അദ്ദേഹത്തിൻ്റെ ജീവിതദർശനത്തിൻ്റെ ബഹിർസ്പുരണം ആയിരുന്നു.

ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ഒരു കോർഫ് ബോൾ കോച്ചിങ് ക്യാമ്പ് ഉൽഘാടന വേളയിൽ

അധ്യായം 4

തിരുവിതാംകൂർ രാജകുടുംബവും , കേണൽ തിരുമേനിയും: ഒരു ആത്മബന്ധം 

ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ആറ്റിങ്ങലിൽ അരിയിട്ട് വാഴച്ക്കു  വന്നപ്പോൾ കൊടുത്ത സ്വീകരണം

അച്ഛൻ്റെ ജീവിതത്തിലെ നിർണായകബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ചുള്ള ഭാഗം ഒരിക്കലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ്,  അതൊരു ഔപചാരിക പരിചയമോ സാമൂഹിക ബന്ധമോ മാത്രമായിരുന്നില്ല. കാലക്രമേണ പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും വളർന്ന ഒരു ആത്മബന്ധമായിരുന്നു അത്.

പ്രത്യേകിച്ച് കായികരംഗത്തെ മഹത്തായ സംഘാടകനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്ന കേണൽ ജി. വി. രാജ അച്ഛൻ്റെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയായിരുന്നു. അച്ഛൻ അദ്ദേഹത്തെ ഒരു രാജകുടുംബാംഗമായി മാത്രമല്ല കണ്ടിരുന്നത്, ഒരു ജ്യേഷ്ഠസഹോദരനെപോലെയും,  മാർഗദർശിയെപോലെയും കണ്ട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ‘കേണൽ തിരുമേനി’ എന്നാണ് അച്ഛൻ തൻ്റെ ജീവിതാവസാനം വരെ അഭിസംബോധന ചെയ്തിരുന്നത് .

ആറ്റിങ്ങലിൽ കായികസംസ്കാരം വളർത്തിയെടുക്കണമെന്ന തൻ്റെ സ്വപ്നങ്ങൾ അച്ഛൻ ഏറ്റവും സ്വതന്ത്രമായി പങ്കുവെച്ചിരുന്നത് കേണൽ തിരുമേനിയോടായിരുന്നു. ഒരു പുതിയ ടൂർണമെന്റിനെക്കുറിച്ചായാലും, പുതിയൊരു കായിക ഇനം പരിചയപ്പെടുത്തുന്നതിനെക്കുറിച്ചായാലും, ഒരു സ്റ്റേഡിയത്തെക്കുറിച്ചുള്ള വലിയ സ്വപ്നത്തെക്കുറിച്ചായാലും അച്ഛൻ തൻ്റെ അഭിപ്രായങ്ങൾ അദ്ദേഹത്തോട് പങ്കുവക്കുകയും,  അദേഹത്തിൻ്റെ  അഭിപ്രായങ്ങൾ ആരായുകയും ചെയ്യുമായിരുന്നു.

കായികരംഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു തിളക്കം കാണാമായിരുന്നുവെന്ന് മുതിർന്നവർ  പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.  കായികരംഗം ഒരു സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുന്ന മാസ്മരിക ശക്തിയാണ് എന്ന വിശ്വാസം അവരെ ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഒരു നിശ്ശബ്ദ പാലമായിരുന്നു.

ഒരു സന്ദർഭത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആറ്റിങ്ങൽ സന്ദർശിച്ചപ്പോൾ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ നേരിൽ കാണാനുള്ള അവസരം അച്ഛന് ലഭിച്ചു. ആ അവസരം അദ്ദേഹം നഷ്ടപ്പെടുത്തിയില്ല,  കായികരംഗത്തിൻ്റെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ചും, ആറ്റിങ്ങലിലെ യുവതലമുറക്ക് മികച്ച പരിശീലനത്തിലൂടെ കായികരംഗത്തു ഒരു വിപ്ലവാത്മക മാറ്റം തന്നെ വരുത്തിതീർക്കാനാകുമെന്നും, അതിനായി മികച്ച ഒരു സ്റ്റേഡിയത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ആത്മാർത്ഥമായി മഹാരാജാവിനോട് സംസാരിച്ചു.

അദ്ദേഹത്തിൻ്റെ സത്യസന്ധതയും ദീർഘവീക്ഷണവും രാജകുടുംബത്തെ സ്പർശിച്ചുണ്ടാവാം. അതേതുടർന്ന് 1959-ൽ വലിയകുന്ന് കൊട്ടാരത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏകദേശം എട്ടര ഏക്കർ വരുന്ന ഭൂമി ആറ്റിങ്ങൽ അമച്വർ അത്ലറ്റിക് അസോസിയേഷനുവേണ്ടി അനുവദിക്കപ്പെട്ടു. പിന്നീട് ആ ഭൂമിയാണ് ഇന്നത്തെ ശ്രീപാദം സ്റ്റേഡിയമായി മാറിയത്.

ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി അച്ഛൻ ഈ സംഭവത്തെ കണ്ടിരുന്നു. ആ ഭൂമി വ്യക്തിപരമായി അദ്ദേഹത്തിന് ലഭിച്ചതല്ല ആറ്റിങ്ങലിൻ്റെ കായിക ഭാവിക്ക് ലഭിച്ച ഒരു സമ്മാനമായിരുന്നു അത്.

ഒരവസരത്തിൽ ആറ്റിങ്ങലിൻ്റെ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിലും, മികച്ച ടീമുകൾ പടുത്തുയർത്തുന്നതിലും, നിരവധി മെഡലുകളും, ട്രോഫികളും കൊണ്ടുവരുന്നതിലും ഒരു നിർണായക പങ്ക് വഹിച്ചത്  ശ്രീപാദം സ്റ്റേഡിയവും ആറ്റിങ്ങൽ ആമേചർ അത്ലറ്റിക് അസോസിയേഷനും ആയിരുന്നു. 

1972-ൽ ജി.വി. രാജയുടെ സ്മരണാർത്ഥം കേരള സ്പോർട്സ് ഫെസ്റ്റിവൽ നടത്തിയ അവസരത്തിൽ 

1971-ൽ കേണൽ ജി. വി. രാജ ഒരു വിമാനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടുവെന്ന വാർത്ത അച്ഛനെ കുറച്ചൊന്നുമല്ല ദുഃഖ ചിത്തനാക്കിയത്.  ഒരു വർഷക്കാലം താടി വളർത്തിയാണ് അദ്ദേഹം ആ ദുഃഖം ഹൃദയത്തിൽ അമർത്തിയിരുന്നത് എന്ന കാര്യം കുടുംബ അംഗങ്ങളും സുഹൃത്തുക്കളും ഇന്നും ഓർക്കുന്നു.

കേണൽ തിരുമേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീപാദം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കായികമേള അദ്ദേഹത്തോടുള്ള അച്ഛൻ്റെ സ്നേഹത്തിൻ്റെ മറ്റൊരു പ്രതീകമായി മാറി. പൂഞ്ഞാർ കൊട്ടാരത്തിൽ നിന്നും തെളിച്ച ദീപശിഖ നിരവധി കായികതാരങ്ങളുടെ കൈകളിലൂടെ കൈമാറി ശ്രീപാദം സ്റ്റേഡിയത്തിലെത്തിച്ച ചടങ്ങ് ഒരു കായികപരിപാടി മാത്രമായിരുന്നില്ല, ഒരു ശിഷ്യൻ തൻ്റെ ഗുരുവിന് അർപ്പിച്ച ആദരാഞ്ജലിയായിരുന്നു അത്. ആ ദീപശിഖ സ്റ്റേഡിയത്തിൽ പ്രവേശിച്ചപ്പോൾ എവിടെ നിന്ന് എന്നില്ലാതെ ഒരു ചെറിയ ചുഴലികാറ്റ് സ്റ്റേഡിയത്തിൽ പൊടി പറത്തി കടന്നു പോയിയെന്നു അന്ന് അവിടെ ഉണ്ടായിരുന്ന പലരും പറഞ്ഞു ഞാൻ പിന്നീട് കേട്ടിട്ടുണ്ട് . അത് കേണൽ തിരുമേനിയുടെ ആത്മാവ് തന്നെ എന്ന് വേണം കരുതാൻ.

കേണൽ തിരുമേനിയോടുള്ള അച്ഛൻ്റെ ആദരവിൻ്റെ ഏറ്റവും മനോഹരമായ മറ്റൊരു തെളിവ് എൻ്റെ പേരിലാണ് ഒളിഞ്ഞിരിക്കുന്നത്. എൻ്റെ പേര്  ആയ ‘ഗിരിജ വല്ലഭ രാജ’. അതിൻ്റെ ആദ്യക്ഷരങ്ങൾ ചേർത്താൽ ‘ജി. വി. രാജ’ ആകുന്നു. കുട്ടിക്കാലത്ത് അത് ഒരു യാദൃശ്ചികതയാണെന്ന് ഞാൻ കരുതിയിരുന്നു. പിന്നീട് മനസ്സിലായി  അത് യാദൃശ്ചികതയല്ല. കേണൽ ജി. വി. രാജയോടുള്ള അച്ഛൻ്റെ സ്നേഹാദരവിൻ്റെ ഒരു നിശബ്ദ സ്മാരകമായിരുന്നു ആ പേര്.

ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെക്കുറിച്ച് അച്ഛൻ അളവറ്റ ബഹുമാനത്തോടെ സംസാരിക്കുമായിരുന്നു. ശ്രീപാദം സ്റ്റേഡിയവും, പിന്നീട് രൂപം കൊണ്ട ശ്രീപത്മനാഭസ്വാമി ചാരിറ്റബിൾ ആശുപത്രി പോലെയുള്ള സാമൂഹിക സംരംഭങ്ങളും രാജകുടുംബത്തിൻ്റെ പിന്തുണ ഇല്ലാതെ സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

അദ്ദേഹത്തിൻ്റെയും മഹാരാജാവിൻ്റെയും ജന്മനക്ഷത്രം ‘ചിത്തിര’ ആയിരുന്നു എന്ന ചെറിയ കാര്യം പോലും അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. അത് ചരിത്രത്തിൻ്റെ ഒരു കൗതുകം മാത്രമായിരിക്കാം. പക്ഷേ അച്ഛന് അത് ഹൃദയത്തോട് ചേർന്ന ഒരു ആത്മബന്ധത്തിൻ്റെ പ്രതീകമായിരുന്നു.

1980 ലോക വനിതാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 2-ആം സ്ഥാനം നേടിയ എൻ്റെ അമ്മക്ക് തിരുവിതാംകൂർ കൊട്ടാരത്തിൽ സ്വീകരണം നൽകിയ വേളയിൽ

അധ്യായം 5

നൂറുകണക്കിന്  ജീവിതങ്ങളെ സ്പർശിച്ച പരിശീലകൻ

ശ്രീ ചിത്ര കോച്ചിങ് സ്കൂളിലെ വിദ്യാർഥികൾ

ഒരു അധ്യാപകൻ്റെയും, പരിശീലകൻ്റെയും വിജയം ശിഷ്യരുടെ വിജയങ്ങളിലും, നേട്ടങ്ങളിലുമാണ്. എന്നാൽ അതിലുപരിയായി ഒരു പരിശീലകൻ്റെ യഥാർത്ഥ നേട്ടം  തൻ്റെ വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയും, സഹജീവി സ്നേഹമുള്ള  മനുഷ്യരാക്കി തീർക്കുക എന്നത് കൂടി ആണ്. ശ്രീചിത്ര കോച്ചിംഗ് സ്കൂൾ അതിൻ്റെ ഒരു ഉത്തമ ഉദാഹരണം ആയിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നത് അദ്ദേഹത്തിൻ്റെ പതിവായിരുന്നു. ഭക്ഷണം, ജേഴ്‌സി, യാത്ര, താമസം, പരിശീലനം തുടങ്ങി അവർക്ക് ആവശ്യമായതെന്തും അദ്ദേഹം തൻ്റെ കഴിവിൻ്റെ പരിധിക്കുള്ളിൽ നിന്നും ചെയ്തു കൊടുത്തിരുന്നു.അദ്ദേഹത്തിന് കായികരംഗം ഒരു മത്സര രംഗം മാത്രമായിരുന്നില്ല. സാമൂഹിക പരിവർത്തനത്തിനുള്ള ഒരു ഉപാധി കൂടിയായിരുന്നു. പലർക്കും അത് സർക്കാർ ജോലിയിലേക്കുള്ള വഴി തുറന്നു. പലർക്കും ആത്മവിശ്വാസം നൽകി. പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ചു.

റെയിൽവേ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻകം ടാക്സ്, പോസ്റ്റൽ, പോലീസ്, എക്സൈസ് തുടങ്ങി വിവിധ വകുപ്പുകളിൽ സ്പോർട്സ് ക്വോട്ടയിലൂടെ ജോലി നേടിയ പലരുടെയും പിന്നിൽ അദ്ദേഹത്തിൻ്റെ നിർസ്വാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടായിരുന്നു.അദ്ദേഹം സ്വന്തം കുടുംബത്തെയും അതേ കായികാദർശത്തിലൂടെ നയിച്ചു. അമ്മ രമ ഉണ്ണികൃഷ്ണന് ഉൾപ്പെടെ കുടുംബത്തിലെ പലർക്കും കായികരംഗത്ത് വളരാൻ അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ പിന്തുണയും,  പ്രോത്സാഹനവും നിർണായകമായി മാറിയിരുന്നു.

അധ്യായം 6

പൊതുസേവനത്തിൻ്റെ മറ്റൊരു മുഖം

സമൂഹിക സേവനം അദ്ദേഹത്തിന് ഒരു വേഷമായിരുന്നില്ല, പ്രചാരണ മാർഗ്ഗമായിരുന്നില്ല; ജീവിതരീതിയായിരുന്നു.

സ്റ്റേറ്റ് ട്രഷറിയിലെ ഉദ്യോഗസ്ഥനായി സേവനം ചെയ്തിരുന്ന കാലത്തും അതിന് ശേഷവും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് സ്റ്റേറ്റ് ട്രഷറി എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു.

ശ്രീ പദ്മനാഭ സ്വാമി ചാരിറ്റബിൾ സൊസൈറ്റി അംഗംകൾ രാജ കുടുംബത്തെ സന്ദർശിച്ച വേളയിൽ

ശ്രീപത്മനാഭസ്വാമി ചാരിറ്റബിൾ ആശുപത്രിയുടെ രൂപീകരണത്തിനും നടത്തിപ്പിനും പിന്നിൽ അദ്ദേഹത്തിൻ്റെ വലിയ ഒരു അധ്വാനം ഉണ്ടായിരുന്നു. എല്ലാവര്ക്കും വൈദ്യശുശ്രൂഷ  ലഭ്യമാക്കുകയും, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയുമായിരിന്നു ആശുപത്രി സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ലക്ഷ്യം വച്ചത്.

പൊതുജനാവകാശങ്ങൾക്കായി വാദിക്കുക, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുക എന്നിവയിൽ ഒന്നും ഒരിക്കലും അദ്ദേഹം മടികാണിച്ചിരുന്നില്ല.

പെൻഷൻ പ്രായം ഏകീകരിക്കണം എന്ന ആവശ്യവുമായി ആറ്റിങ്ങലിൽ നിന്ന് തിരുവനതപുരം വരെ ഒറ്റയാൾ സൈക്കിൾ റാലി നടത്തിയപ്പോൾ

സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായത്തിലെ അസമത്വത്തിനെതിരെ നടത്തിയ അദ്ദേഹത്തിൻ്റെ നിയമപോരാട്ടങ്ങളും വളരെ ശ്രദ്ധേയമായിരുന്നു.  പെൻഷൻ പ്രായം ഏകീകരിക്കണം എന്ന ആവശ്യവുമായി അന്ന് അച്ഛൻ ആറ്റിങ്ങലിൽ നിന്ന് തിരുവനതപുരം വരെ ഒറ്റയാൾ സൈക്കിൾ റാലി നടത്തി  ദി ഹിന്ദു ഉൾപ്പെടെ പല പത്രങ്ങളും അന്നത് പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയിതിരുന്നു. 

പല പോരാട്ടങ്ങളും വിജയിച്ചില്ല. എന്നാൽ അദ്ദേഹം പിന്മാറിയില്ല. കാരണം അദ്ദേഹത്തിന് വിജയത്തേക്കാൾ പ്രധാനം തനിക്കും സമൂഹത്തിനും ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയെന്നതായിരുന്നു.

അധ്യായം 7

എൻ്റെ കുട്ടിക്കാലത്തെ അച്ഛൻ

കുടുംബസ്മരണകളുടെ ഒരു ചിത്രം

മറ്റുള്ളവർ കണ്ട മനുഷ്യനിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു ഞാൻ കണ്ട അച്ഛൻ. എൻ്റെ ആദ്യ സ്കൂൾ ദിനത്തിൽ ക്ലാസ് മുറിക്കുള്ളിൽ ഭയത്തോടെ ഞാൻ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ, പുറത്തു  വീട്ടിലേക്ക് പോകാതെ വിഷമത്തോടെയും, ആകാംഷയോടെയും എന്നെ കാത്തു അച്ഛൻ ഇരുന്നിരുന്നു. എന്നെ സ്കൂളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയതും തിരിച്ചുകൊണ്ടുവന്നതും അദ്ദേഹം ആയിരുന്നു. വീടിന് മുന്നിലെ സ്റ്റേഡിയത്തിലൂടെ പിന്നീട് ഒരുപാട് പ്രാവശ്യം അച്ഛനും ഒരുമിച്ചുള്ള പ്രഭാത, സായാന്ന സവാരികൾക്കിടയിൽ അനവധിയായ ജീവിതപാഠങ്ങൾ അദ്ദേഹം പകർന്നു  തന്നിരുന്നു .  എൻ്റെ വിജയങ്ങളിൽ സന്തോഷിക്കുകയും പരാജയങ്ങളിൽ എന്നെ ആശ്വസിപ്പിക്കുകയും ചെയ്ത ആദ്യ മനുഷ്യനും അദ്ദേഹം തന്നെയായിരുന്നു.

ക്രോസ് കൺട്രി ഓട്ടത്തിൽ ഞാൻ പങ്കെടുക്കുമ്പോൾ ഓട്ടോറിക്ഷയിൽ എന്നെ പിന്തുടർന്നിരുന്ന അച്ഛൻ്റെ ചിത്രം ഇന്നും എൻ്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. സ്കൂൾ പരീക്ഷ വേളയിൽ രാത്രികളിൽ ഉറക്കമിളച്ചിരിക്കുമ്പോൾ കൂടെ ഉറങ്ങാതെ ഇരിക്കാറുണ്ടായിരുന്നു അച്ഛൻ ഒരു കുട്ടിയുടെ ആത്മവിശ്വാസത്തിന് പിന്നിൽ ഒരു രക്ഷിതാവിൻ്റെ നിശ്ശബ്ദ സാന്നിധ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് അന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. ഇന്ന് അത് ഞാൻ മനസ്സിലാക്കുന്നു.

ഹൈസ്കൂൾ കാലം വരെയും ഞങ്ങൾ ഒരുമിച്ച് നടന്ന വഴികളിലും സംഭാഷണങ്ങളിലും അച്ഛൻ്റെ സ്നേഹം ഒരിക്കലും ശബ്ദസമ്പന്നമായിരുന്നില്ല, മറിച്ച് അത് എല്ലായ്പ്പോഴും ഊഷ്മളവും, സുരക്ഷിതത്വം നിറഞ്ഞതും ആയ ഒരു സമീപ്യമായിരുന്നു.

1982- ലെ ഒരു കുടുംബ ചിത്രം

അധ്യായം 8

അച്ചടക്കത്തിൻ്റെ മനുഷ്യൻ

അച്ചടക്കം എന്ന വാക്കിന് ഒരു മുഖം നൽകി ചിത്രീകരിക്കേണ്ടിവന്നാൽ എനിക്കത്  അച്ഛൻ്റെ മുഖമായിരിക്കും. എന്നും അതിരാവിലെ കൃത്യ സമയത്ത് എഴുന്നേൾക്കുകയും ദിനകൃത്യങ്ങൾക്കുശേഷം, മുഖം ദിനേന ഷൗരം ചെയ്തു മിനുക്കൽ, വ്യായാമം, കായിക പരിശീലനം, ഉദ്യാന മൃഗ പരിപാലനങ്ങൾ . സൈക്കിൾ ചവിട്ടി ജോലിക്കു പോകൽ തിരികെ വീട്ടിൽ എത്തിയ ശേഷവും സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകൽ ഇങ്ങനെ ഒരു ദിനം മുഴുവൻ കൃത്യതയോടെയും, കണിശതയോടെയും പ്രവർത്തികൾ ചെയ്യുക എന്നത് അച്ഛൻ്റെ മുടങ്ങാതെ ശീലമായിരുന്നു. ശരീരവും, മനസും ആരോഗ്യത്തോടെയും ഊർജസ്വലതയോടെയും അച്ഛൻ പരിപാലിച്ചു. ജീവിതകാലം മുഴുവൻ മദ്യവും പുകവലിയും ഒഴിവാക്കി.

അദ്ദേഹത്തിൻ്റെ കണ്ണിൽ ആരോഗ്യം ഒരു വ്യക്തിപരമായ കാര്യമല്ലായിരുന്നു. സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിൻ്റെ ഭാഗമായിരുന്നു. കാരണം ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും മാത്രമേ സമൂഹത്തിന് ദീർഘകാലം സേവനം ചെയ്യാൻ കഴിയൂ എന്നു അദ്ദേഹം വിശ്വസിച്ചിരുന്നു.

ഫുട്ബോൾ ബൂട്ട് ധരിക്കുമ്പോളിടുന്ന സ്റ്റോക്കിങ്ങിലെ പൊടി പോലും കളിയെ ബാധിക്കും എന്ന സൂക്ഷ നിരീക്ഷണം ഞാൻ അച്ഛനിൽ നിന്നാണ് കേട്ടതും പഠിച്ചതും.  ജീവിതത്തിലെ ഏതൊരു കാര്യത്തെയും അച്ഛൻ അതേ സൂക്ഷ്മതയോടെയും, കൃത്യതയോടെയും ആണ് സമീപിച്ചിരുന്നത്. സത്യസന്ധത, നേതൃപാടവം , ക്രമീകരണം, വൃത്തിയും വെടിപ്പും , സൂക്ഷ്മത, ഇവയൊക്കെ അദ്ദേഹം മുറുകെ പിടിച്ച ജീവിതമൂല്യങ്ങളായിരുന്നു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിഫോമിൽ

അധ്യായം 9

നർമ്മവും വേറിട്ട ചിന്തകളും നിറഞ്ഞ വ്യക്തിത്വം

അച്ഛൻ തൻ്റെ ചെറുമകൻ സിദ്ധാർഥ്ൻ്റെ കൂടെ

പലർക്കും അച്ഛനെ ഒരു ഗൗരവക്കാരനായി തോന്നിയിട്ടുണ്ടാകാം. പക്ഷേ അടുത്തറിയുന്നവർക്ക് അദ്ദേഹം നല്ല നർമ്മബോധമുള്ള ഒരാളായിരുന്നു.

സിനിമകൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എം.ജി.ആർ., ശിവാജി ഗണേശൻ, പിന്നീട് രജനീകാന്ത് എന്നിവരുടെ സിനിമകൾ അദ്ദേഹം ആവേശത്തോടെ കണ്ടിരുന്നു. കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോയിരുന്ന ആ നിമിഷങ്ങൾ ഇന്നും എൻ്റെ ഓർമ്മകളിൽ ഉണ്ട്. വസ്ത്രധാരണത്തിലും അദ്ദേഹം വ്യത്യസ്തനായിരുന്നു. മനോഹരമായ നിറങ്ങളും ഡിസൈനുകളും തിരഞ്ഞെടുക്കുന്നതിൽ അച്ഛൻ പ്രത്യേക താൽപര്യം പുലർത്തിയിരുന്നു. 

ചില അവസരങ്ങളിൽ അച്ഛൻ്റെ ദൃഢ നിശ്ചയം കടുംപിടുത്തം ആയി മാറിയ സംഭവങ്ങളുണ്ട്. ഒരിക്കൽ എൻ്റെ സഹോദരി ഉമയുടെ കോളേജ് അഡ്മിഷന് പോകാൻ അല്പം വൈകി. അച്ഛന് രാഹു കാലത്തിനു മുൻപ് ഇറങ്ങണം എന്നത് ഒരു നിർബന്ധം ആയിരുന്നു.  അതിനുവേണ്ടി ഞങ്ങൾ നോക്കുമ്പോൾ അച്ഛൻ ഒരു കസേരയിൽ കയറി ക്ലോക്കിൻ്റെ സൂചി പിന്നിലോട്ട് നീക്കുന്നതാണ് കണ്ടത്. സമയത്തെ തോൽപിച്ച് രാഹുകാലത്തെ പിന്നിലാക്കി ആ മനുഷ്യൻ !

അധ്യായം 10

നായകളോടുള്ള സ്നേഹം

ഒരു മനുഷ്യൻ്റെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ അവൻ ബലഹീനരോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കണം. അച്ഛൻ മൃഗങ്ങളെ സ്നേഹിച്ചിരുന്നു. പ്രത്യേകിച്ച് നായക്കളെ.

സഞ്ജയൻ, മായ, ഓഗസ്റ്റ്, ബാലു എന്നീ പേരുകളിൽ വിളിച്ചിരുന്ന നായ്ക്കൾ പല കാലങ്ങളിൽ ആയി നമ്മോടൊപ്പം ഉണ്ടായിരുന്നു. കുടുംബ അംഗങ്ങളെ പോലെ ആയിരുന്നു അവയെ അച്ഛൻ പരിചരിച്ചിരുന്നത്. അവ രോഗബാധിതരാകുമ്പോൾ അദ്ദേഹം വളരെ വിഷമിച്ചിരുന്നു.  നായ്ക്കൾ മരിക്കുമ്പോൾ അവയ്ക്കായി കണ്ണീർ വാർത്തു.

സഞ്ജയൻ എന്ന നായയുടെ രോഗസമയത്ത് ചികിത്സയ്ക്കും, പരിചരണത്തിനും അദ്ദേഹം നടത്തിയ ഓട്ടപ്പാച്ചിലും, മരണശേഷം മനുഷ്യനെപ്പോലെ ആദരിച്ച് സംസ്കരിച്ചതും, അദ്ദേഹത്തിൻ്റെ കരുണയുടെ അളവ് പറഞ്ഞുതരുന്ന സംഭവങ്ങളാണ്. ഒരിക്കൽ പുറത്തുള്ള ഒരു നായ അതിൻ്റെ ചങ്ങലയിൽ കുടുങ്ങി മതിലിൽ തൂങ്ങി കിടക്കുന്നതു കണ്ടു അത് കടിക്കുമോ എന്ന് പോലും ചിന്തിക്കാതെ അച്ഛൻ പോയി അതിനെ രക്ഷപെടുത്തി. സഹജീവികളോടുള്ള ആ കരുണയാണ് അദ്ദേഹത്തെ വേറിട്ട മനുഷ്യനാക്കിയത്.

അച്ഛൻ വളർത്തിയ ബാലു എന്ന നായ, അച്ഛൻ യാത്രയാകുന്നതിനു  2 മാസം മുൻപ് വിട പറഞ്ഞു

അധ്യായം 11

ആത്മീയതയിലേക്കുള്ള യാത്ര

ജീവിതത്തിൽ മധ്യവയസ്സിന് ശേഷം അച്ഛൻ വീണ്ടും ഒരു യാത്ര ആരംഭിച്ചു. ഈ പ്രാവശ്യം അത് കായികരംഗത്തേക്കല്ല, ആത്മസായൂജ്യം തേടി ആയിരുന്നു.

വളരെ യാദൃശ്ചികമായി മാതാ അമൃതാനന്ദമയിയുമായുള്ള ഒരു കൂടിക്കാഴ്ച അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഭജനകളും സത്സംഗങ്ങളും ജപങ്ങളും അദ്ദേഹത്തിൻ്റെ ദിനചര്യയുടെ ഭാഗമായി. മുന്‍പുണ്ടായിരുന്ന സാമൂഹിക പ്രതിബദ്ധത അപ്രത്യക്ഷമായില്ല, പക്ഷേ അതിലേക്ക് ആത്മീയമായ ഒരു ആഴം കൂടി വന്ന് ചേർന്നു.

അദ്ദേഹത്തിൻ്റെ അവസാനകാലത്തും അമ്മയുടെ ഭജനകൾ കേൾക്കുമ്പോൾ ലഭിച്ചിരുന്ന സമാധാനം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ആ സംഗീതത്തിൽ അദ്ദേഹം ക്ഷീണിച്ച ശരീരത്തെ മറന്ന് ശാന്തമായ ഒരു ആശ്രയത്തിലേക്ക് മടങ്ങുന്നതുപോലെ തോന്നുമായിരുന്നു.

അധ്യായം 12

എൻ്റെ രാജാവ്

അവസാനകാലത്ത് അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ദിവസങ്ങൾ ഇപ്പോൾ അമൂല്യമായ നിധിപോലെയാണ് എനിക്ക്.  സ്കൂൾ ഓർമ്മകൾ, കോളേജ് കഥകൾ, പഴയ കാല സുഹൃത്തുക്കൾ, കായികമത്സരങ്ങൾ, വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ എന്നിവയൊക്കെ  ഇന്നലെ നടന്നതുപോലെ വിവരിച്ചിരുന്നു അച്ഛൻ.

ഒരു ദിവസം ഞാൻ അദ്ദേഹത്തിന് തിരുവിതാംകൂറിൻ്റെ ദേശീയ ഗാനമായിരുന്ന ‘വഞ്ചീശ മംഗളം’ ഫോണിൽ കേൾപ്പിച്ചു കൊടുത്തു. അത് കേൾക്കുമ്പോൾ അദ്ദേഹത്തിൻ്റെ മുഖം ഭാവം മാറി  കണ്ണുകൾ പതിയെ അടഞ്ഞു  അധരങ്ങൾ വിറച്ചു ചില വരികൾ അദ്ദേഹം കൂടെ പാടി ശേഷം വളരെ മൃദുവായി അദ്ദേഹം പറഞ്ഞു – ‘എൻ്റെ രാജാവ്… എൻ്റെ രാജാവ്…’

അത് വെറും ഒരു രാജാവിനെക്കുറിച്ചുള്ള ഓർമ്മയായിരുന്നില്ല. അത് അദ്ദേഹത്തിൻ്റെ ബാല്യത്തിൻ്റെ ഓർമ്മയായിരുന്നു. അദ്ദേഹം സ്നേഹിച്ചൊരു ലോകത്തിൻ്റെ ഓർമ്മയായിരുന്നു. അതിലും കൂടുതലായി, അദ്ദേഹത്തിൻ്റെ ഉള്ളിലെ നിഷ്കളങ്ക മനുഷ്യൻ്റെ ശബ്ദമായിരുന്നു.

ആ നിമിഷമാണ് ഈ പുസ്തകത്തിൻ്റെ പേരായി മാറിയത്…..!

ഉപസംഹാരം

എൻ്റെ അച്ഛൻ ഒരു വിശുദ്ധനല്ലായിരുന്നു. അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. പക്ഷേ അസാധാരണമായ സമർപ്പണബോധമുള്ള ഒരു സാധാരണ മനുഷ്യൻ.

തോൽവികൾ അദ്ദേഹത്തെ സന്ദർശിച്ചു. നിരാശകൾ അദ്ദേഹത്തെ പിന്തുടർന്നു. സ്വപ്നങ്ങളിൽ പലതും പൂർത്തിയായില്ല. എന്നിരുന്നാലും അദ്ദേഹം നിർത്തിയില്ല. കാരണം സത്യസന്ധമായ ജീവിതത്തിൻ്റെ അളവുകോൽ വിജയമല്ലെന്നും പരിശ്രമമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ഇന്ന് ശ്രീപാദം സ്റ്റേഡിയത്തിൽ കാറ്റ് വീശുമ്പോൾ, ശ്രീചിത്ര കോച്ചിംഗ് സ്കൂളിൽ പരിശീലനം നേടിയവർ അവരുടെ കഥകൾ പറയുമ്പോൾ, അദ്ദേഹം സഹായിച്ച മനുഷ്യർ അദ്ദേഹത്തെ ഓർക്കുമ്പോൾ, ഞാനും എൻ്റെ സഹോദരിയും, അമ്മയും  അച്ഛൻ്റെ  ഓർമ്മകളിൽ ജീവിക്കുമ്പോൾ, ഒരു കാര്യം വ്യക്തമാണ് അദ്ദേഹം പോയിട്ടില്ല.

അദ്ദേഹം തൻ്റെ ജീവിതത്തിലുടനീളം സൃഷ്ടിക്കുകയും അനുഷ്ഠിക്കുകയും ചെയ്യ്ത മൂല്യങ്ങളിലൂടെ, അവ പകർന്നു നൽകി നമ്മളിലൂടെ ഇന്നും എന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. അതിനാലാണ് ഇന്നും ഞാൻ അഭിമാനത്തോടെ പറയുന്നത്: അദ്ദേഹം എൻ്റെ അച്ഛനായിരുന്നു, എൻ്റെ രാജാവായിരുന്നു……!

ഡി. ഉണ്ണികൃഷ്ണൻ്റെ ധന്യസ്മരണകൾക്ക് മുന്നിൽ പ്രണാമം.

One thought on “എൻ്റെ അച്ഛൻ, എൻ്റെ രാജാവ്

  1. 5. Article Body Text

    Hi Giri, It’s sad to realize your dad is no longer with us. Pranamam🙏🏽 I remember your parents coming to our home for Onam. Your dad was having difficulty sitting on the floor, but without any complaints, he joined us. After that, I often felt regret that I didn’t think to offer them food at the table instead. We all visited Saju’s house once, and your father was telling stories about you. Even though what he said wasn’t always flattering, you responded to him with deep respect. That rare reaction touched me deeply. The respect you showed your father made me hold you both in high regard—and it subtly changed how I treat my own parents. You mentioned once that your father set up a push-up bar in a hallway at home so everyone could use it as they passed by. Inspired by that idea, I installed push-up bars on my bathroom doors—whenever I go inside, I do a round or two of push-ups and stretches. I still remember when we all went bowling and you casually mentioned your father set up a sports club in Trivandrum. I wish I could have talked to him more about everything you shared in the PDF. Thank you for laying out the content so well without making it overly detailed, allowing it to reach people quickly.

    Liked by 1 person

Leave a comment